Kunjappan Chettante Kadayile Injipuli Middayi
കഥ: കുഞ്ഞപ്പന്‍ ചേട്ടന്റെ കടയിലെ ഇഞ്ചിപുളി മിട്ടായി
രചന: ശ്രീരാഗ് പി എസ്
നാട്ടിലെ എല്ലാവർക്കും ആശ്രയമാണ് ആ കുഞ്ഞപ്പൻ ചേട്ടന്റെ കട.അതൊന്ന് വേറെ തന്നെയാണ് എല്ലാം കൊണ്ടും. അവിടെ ഇല്ലാത്തതായി ഒന്നും തന്നെയില്ല. നല്ല തിരക്കുമാണ് എന്നും. വീട്ടിൽ നിന്നും എന്തെങ്കിലും സാധനങ്ങൾ വാങ്ങുവാൻ വേണ്ടി പോകുമ്പോൾ ബാക്കി വരുന്ന 50 പൈസക്ക് മിഠായി വാങ്ങിച്ചുകൊള്ളാൻ പറയും അമ്മ. അങ്ങനെ വന്ന നാളുകളിൽ ഏറെ രുചിയോടെ ആ മിഠായികൾ നുണഞ്ഞു. ഒരിക്കൽ എന്തോ സാധനം വാങ്ങുവാൻ വേണ്ടി പോയ കടയിൽ പെട്ടന്ന് ഒരു വണ്ടി വന്ന് നിർത്തി. ആ വണ്ടിയിൽ കടയിലേക്കുള്ള സ്റ്റോക്ക് ആണ്. വളരെ ശ്രദ്ധാപൂർവം ഞാൻ അത് നോക്കി നിന്നു. പല പല സാധനങ്ങളുടെ ഒപ്പം ഒരു പുതിയ പാക്കറ്റ് മിഠായി കൂടി അന്ന് അവിടെ വന്നു. അതാണ് ഇഞ്ചിപുളി മിഠായി. കണ്ടുനിന്ന എന്റെ മനസിൽ ഒന്നു നുണഞ്ഞുനോക്കാൻ ആഗ്രഹമായി. സ്റ്റോക്ക് കൊടുത്തതിനു ശേഷം അയാൾ പോയി. സാധനങ്ങൾ വാങ്ങിയത്തിനൊപ്പം അതിലെന്താണ് വില? എന്നു ഞാൻ ചോദിച്ചു. 1 രൂപ. അത്രയും പൈസ ഇല്ലാത്തതിനാൽ അന്ന് അവിടെ നിന്നും ബാക്കി കിട്ടിയ 50 പൈസയുമായി ഞാൻ ഇഞ്ചിപുളിയിലേക്ക് നോക്കി പിറകിലേക്ക് നടന്നു. ആ പൈസ ഞാൻ സൂക്ഷിച്ചു വച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും തന്നെ കടയിൽ പോകേണ്ടി വന്നില്ല. ആ മിഠായിയുടെ സ്വാദ് അറിയുവാൻ വേണ്ടി എന്നും അമ്മയോട് ഞാൻ ചോദിക്കും
"ഇന്ന് കടയിൽ പോകണോ?"
"സാധനങ്ങൾ എല്ലാം ഇരുപ്പുണ്ട് ഇപ്പോൾ വേണ്ട."
എന്നാണ് അമ്മയുടെ മറുപടി. വല്ലാത്ത സങ്കടത്തിൽ ഇഞ്ചിപുളിയെ പറ്റി ഓർത്തുകൊണ്ടിരിക്കും. അങ്ങനെ ഇരിക്കെ ഒരു ദിവസം കൂട്ടുകാരൻ വീട്ടിലേക്ക് വന്നു. ഇഞ്ചിപുളി നുണഞ്ഞുകൊണ്ടാണ് അവൻ വരുന്നത്. വന്നിട്ടെന്നെ വിളിച്ചു. ഞാൻ ഇറങ്ങി ചെന്നു
.
"എടാ വാ നമുക്ക് കളിക്കാൻ പോകാം"
"ഉം, എന്താ നിന്റെ കയ്യിൽ"
"ഇഞ്ചിപുളി"
"ടാ കുറച്ചു താടാ"
"ഒന്നു പോടാ ഞാൻ തരില്ല, നിനക്ക് വേണമെങ്കിൽ പോയി മേടിക്ക് കുഞ്ഞപ്പൻ ചേട്ടന്റെ കടയിൽ ഉണ്ടല്ലോ"
അമ്മ വേഗം വിളിച്ചു.
"മോനെ കടയിൽ ഒന്നു പോയിട്ട് വാടാ"
"ഓഹേയ്. ആനന്ദത്തിന്റെ നേരമായി അമ്മ അങ്ങനെ പറഞ്ഞപ്പോൾ കൂട്ടുകാരനോട് ഒന്നും പറയാതെ വീട്ടിലേക്ക് ഓടി ചെന്നു. അമ്മ തന്ന സാധനങ്ങൾ വാങ്ങാനുള്ള പൈസയും എന്റെ കയ്യിൽ നേരത്തെ ഉണ്ടായിരുന്ന 50 പൈസയുമായി കടയിലേക്ക് ഓടി. കടയിൽ ചെന്നു. ഞാൻ ആദ്യം തിരഞ്ഞത് ഇഞ്ചിപുളിയായിരുന്നു. പക്ഷെ അത് അവിടെ കണ്ടില്ല. കുഞ്ഞപ്പൻ ചേട്ടൻ ചോദിച്ചു
"എന്താ വേണ്ടത്?"
"അര കിലോ പഞ്ചസാര, മുളക് പൊടി, പപ്പടം, പിന്നെ ഒരു ഇഞ്ചപുളിയും"
"ഹയ്യോ ഇഞ്ചിപുളി തീർന്നല്ലോ"
ഭാഗ്യമില്ലാത്ത ഞാൻ എന്നെ തന്നെ പുച്ഛിച്ചു. ഉള്ളിൽ ഒരുപിടി കണ്ണുനീർ ഇറ്റു.
"മറ്റെന്തെങ്കിലും വേണോ"
"വേണ്ട"
"എങ്കിൽ ഇതാ ബാക്കി 50 പൈസ"
അതും വാങ്ങി ഞാൻ കടയിൽ നിന്നും ഇറങ്ങി നടന്നു. നടന്ന് കുറച്ച് അങ്ങു ചെന്നപ്പോൾക്കും ആ വണ്ടി അന്നും വന്നു. അത്രയും നേരത്തെ വിഷമം അത് കണ്ടപ്പോൾ അപ്രത്യക്ഷമായി. ഇഞ്ചിപുളി വന്നു കാണും എന്നോർത്തു ഞാൻ തിരികെ കടയിലേക്ക് ചെന്നു.
"ഇഞ്ചിപുളി വന്നോ കുഞ്ഞപ്പൻ ചേട്ടാ?"
അപ്പോൾ സ്റ്റോക്ക് കൊണ്ടുവന്ന ആൾ പറഞ്ഞു
" അതിന്റെ സ്റ്റോക്ക് കമ്പനിയിൽ തീർന്നു. ഇനി അടുത്ത മാസമേ എത്തു."
വിഷമത്തോട് വിഷമവും ഉള്ളിൽ നിർഭാഗ്യവാൻ എന്ന ചിന്തയും വല്ലാതെ അലട്ടി. വീണ്ടും വീട്ടിലേക്ക് നടന്നു. വീട്ടിലെത്തി അമ്മയ്ക്ക് സാധനങ്ങൾ കൊടുത്തു.
"ഇതാ അമ്മേ ബാക്കി പൈസ"
"എന്താ നീ മിഠായി വാങ്ങിയില്ല?"
"എനിക്കിഷ്ടപ്പെട്ട മിഠായി തീർന്നു പോയി അമ്മേ, അതുകൊണ്ട് ഞാൻ വാങ്ങിയില്ല"
"സാരമില്ലടാ മോനെ, ആഗ്രഹിക്കുന്നത് എപ്പോഴും കിട്ടണമെന്നില്ല. അത് എത്താൻ സമയം ആകുമ്പോൾ നിന്റെ അടുത്ത് താനേ എത്തും."
അമ്മയെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു. അതിന്റെ സ്വാദ് ഒന്നറിയതെ പോയതിൽ എനിക് വളരെ വിഷമമുണ്ടായി. വീണ്ടും കൂട്ടുകാരൻ കളിക്കാൻ വേണ്ടി വന്നു.
"വാടാ കളിക്കാം"
"ഞാൻ ഇല്ലട ഒരു സുഖമില്ല"
"സാരമില്ലട വാടാ"
കൂട്ടുകാരന്റെ കീറിയ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മറ്റൊരു ഇഞ്ചിപുളിയെടുത് എന്റെ നേർക്കു നീട്ടി.
"ഇത് കിട്ടാത്തകൊണ്ടല്ലേ നിനക്കു വിഷമം ഞാൻ തരാം"
"ഹായ്"
അവന്റെ കൈയ്യിൽ നിന്നും അത് വാങ്ങി ആസ്വദിച്ച് ഞാൻ നുണഞ്ഞു. പുളിയും മധുരവും ചേർന്ന ഒരു മനോഹരമായ മിഠായി. അത് തീർന്നത് അറിഞ്ഞേയില്ല. അമ്മ പറഞ്ഞ ആ വാക്കുകളും ഞാൻ ഓർത്തുകൊണ്ടേയിരുന്നു.
വീടിന്റെ പടിയിൽ നിന്നും അമ്മ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. പെട്ടന്നൊരു മഴ എന്റെ സന്തോഷനായി പെയ്തു. അവനും ഞാനും കൂടെ അമ്മയുടെ
"കേറി പോടാ മഴയത് നിന്നും"
എന്ന ഒരു ശാസനവുമായി ആ മുഹൂർത്തങ്ങൾ ഒന്നായി ഒന്നായി കഴിഞ്ഞുകൊണ്ടേയിരുന്നു.
.ശുഭം.
a
ശ്രീരാഗ്
story
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ