Madhume


കഥ: മദുമേ
രചന: ശ്രീരാഗ് പി എസ്

ഭീകരതയുള്ള കാസർഗോഡൻ കാട് പ്രദേശം അതിന്റെ
ഒരുവശത്ത് പാട്ടും മേളവും

മംഗല്യം തന്തുനാനേന...

ബദിയടുക്ക പഞ്ചായത്തിൽ ചീനവീട്ടിൽ രവിയുടെയും ഉഷയുടെയും മകൻ സുമേഷും മുളകുംകുന്ന് കൃഷ്ണന്റെയും
പഞ്ചമിയുടെയും മകൾ സുകന്യയും വിവാഹം ഈ വരുന്ന മാർച്ച് 25 ന് നടത്തപ്പെടുന്നു. നിങ്ങളെവരുടെയും
സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു. ഒരു കല്യാണകുറിയോടെ ആ വാർത്ത കാടെങ്ങും പരന്നു. ഇവരുടെ കല്യാണം പ്രണയവിവാഹമായിരുന്നില്ല. അതിനാൽ മാതാപിതാക്കൾ തീരുമാനിച്ചതിനു ശേഷം മാത്രമായിരുന്നു ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. ബാല്യകാലം വിട്ടു വളർന്ന് പക്വതയായ ഇരുവരും വാർത്തയറിഞ്ഞു സ്വപ്നങ്ങൾ നെയ്യ് തുടങ്ങി. കല്യാണ ഒരുക്കങ്ങൾ അതി കെങ്കേമമായി ആരംഭിച്ചു. ഇവർ മൊഗേർ സമുദായക്കാരാണ്. കർണാടക അതിർത്തി ഗ്രാമങ്ങളിലിപ്പോഴുമുള്ള തുളു സംസ്കാരപാരമ്പര്യത്തിന്റെ അവശേഷിപ്പുകൾ. ഭൗതികവും ഭൗതികാതീതമായ ജീവിതത്തെ കൂട്ടിയിണക്കുന്ന ആചാരങ്ങൾ അവർ
ഇന്നും പിന്തുടരുന്നു. തുളുഭാഷയും സംസ്കാരവും അന്യം നിന്നുപോയെങ്കിലും അതിന്റെ പരമ്പര്യത്തിലും വിശ്വാസത്തിലും നിലനിർത്തിപോകുന്നവരാണ് ഈ
സമുദായം. വരനെയും വധുവിനെയും വീട്ടുകാർ പുതുവസ്ത്രങ്ങളും
ആഭരണങ്ങളും കൊണ്ട് അണിയിച്ചൊരുക്കുവാൻ
തുടങ്ങി. വരന് തലപ്പാവും മുണ്ടും ജുബ്ബയും കുറിയും അണിയിച്ചു വധു ഗ്രഹത്തിലേക്ക് ആനയിക്കുന്നു. വധുവിന് സാരിയും ആഭരണങ്ങളും ശ്രദ്ധയോടെ അണിയിച്ചൊരുക്കി വരനായി കാത്തിരിക്കുന്നു. ഈ പോകുന്ന സംഘത്തിൽ വരന്റെ പിതാവും സമുദായ
ധാർമികനും അമ്മാവനും അടുത്ത ബന്ധുക്കളുമുണ്ടാകും.

സുമേഷും സുകന്യയും അനന്ദപുളകിതരായി.
ഉള്ളിന്റെ ഉള്ളിൽ അവർ ഒരുപാട് സംസാരിച്ചു. ബന്ധുമിത്രാധികളുടെ സന്തോഷത്തിലും സങ്കടത്തിലും ഇരുവരുടെയും ഓർമകൾ പങ്കുചേർന്നു. വധുവിന്റെ വീട്ടിൽ ലളിതമായ ഒരുക്കങ്ങളിൽ ചെറിയ വീടിന്റെ മുറ്റത്ത് ടാർപോളിൻ വലിച്ചുകെട്ടി കസേരകൾ നിരത്തിയിരിക്കുന്നു. മുറ്റത്ത് അടുപ്പിൽ
സദ്യയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നു. ബന്ധുക്കളെ പെൺവീട്ടുകാർ സ്വീകരിച്ചിരുത്തുന്നു. പാലമരത്തിന്റെ ശിഖരം പന്തൽതൂണായി സങ്കല്പിച്ച് ചെളിയിൽ പുതച്ചനാട്ടിയിരിക്കുന്നു. അതിനു ചുവടെ ചാണകം മെഴുകിയ തറയിൽ പായവിരിച്ച് പരികർമികളും വധുവിനെയും വരനെയും അച്ഛന്മാരും അഭിമുഖമിരുന്ന് വിവാഹസമ്മതം കൊടുക്കുന്ന ചടങ്ങാണ് ആദ്യം. വെറ്റിലടയ്ക്കയും പണവും ഇലക്കീറിൽ വെച്ച് വരന്റെ കൂട്ടർ വധുബന്ധുക്കൾക്ക് കാഴ്ച സമർപ്പിക്കുന്നു. തുടർന്ന് വരന്റെ കൂട്ടർ തങ്ങൾ വന്നതെന്തിനാണെന്ന് പറയുന്നു. ആശയവിനിമയം തുളവിലാണ്.

വിവാഹത്തിനു മുന്നോടിയായി ദൈവങ്ങൾക്ക് മദ്യം തളിച്ച് കലശം അർപ്പിക്കുന്നു. അണിയിച്ചൊരുക്കിയ
വധുവിഗ്രഹത്തെ വരന്റെ അടുത്ത് ഇരുത്തുന്നു. മാലയിടീലും താലിചാർത്തലുമാണ് തുടർന്ന്. ബന്ധുക്കൾ
ചെത്തിപ്പവും അരിയും എറിഞ്ഞ് വധൂവരന്മാരെ ആശീർവദിക്കുന്നു. ബന്ധുക്കൾ ഒന്നിച്ചിരുന്നു കല്യാണസദ്യ. തുടർന്ന് യാത്രപറച്ചിൽ. വധുവിനെ വരന്റെ കൂട്ടരെ ഏൽപ്പിക്കുന്നു. വരന്റെ വീട്ടിലെത്തിയാൽ പിന്നെയും ഉണ്ട് ചടങ്ങുകൾ എല്ലാം രാത്രിയിലാണ്. പാലുള്ള വൃക്ഷത്തിന്റെ ചുവട്ടിലാകണമെന്ന് മൊഗേർക്കിടയിലെ വിശ്വാസം. വീടുനിൽക്കുന്ന പറമ്പിൽ പാലമരച്ചുവട്ടിൽ വരനും വധുവിനും ചെത്തിവെടിപ്പാക്കി തറ ഒരുക്കിയിരിക്കുന്നു. അവിടെ
അവരെ പ്രതിഷ്ഠിച്ച് സന്തോഷകരമായ ജീവിതം നേർന്ന് പ്രാർഥനകളോടെ. മടങ്ങുമ്പോൾ ഏതോ കനപ്പെട്ട ഭാരം ഇറക്കിവെച്ചതുപോലെ ആശ്വാസം കൊള്ളന്ന മുഖഭാവമാണ് ബന്ധുക്കൾക്ക്. സുമേഷം സുകന്യയും ഇനി അവരുടെ മാത്രമായ ഒരു ലോകത്തേക്ക് യാത്രയായി.

മൊഗേർ സമുദായക്കാരുടെ പ്രേതക്കല്യാണം അഥവാ
'പരേതരുടെ മദുമേ' (വിവാഹം) ആയിരുന്നു അത്. തുളവിൽ മദുമേയ്ക്ക് വിവാഹം എന്നും വധുവിന് ''മദിമാൾ' എന്നും വരന് 'മദിമായ്' എന്നും പറയുന്നു. ചെറുപ്രായത്തിലോ വിവാഹപ്രായമെത്തും മുൻപോ മരിച്ചുപോയവർ അദൃശ്യലോകത്ത് വളരുകയുംയൗവനയുക്തരാവുകയും ചെയ്യും എന്നാണ് അവരുടെ
വിശ്വാസം. വിവാഹപ്രായമെത്തിയവർക്ക് ഇണങ്ങുന്ന ആത്മാവിനെ കണ്ടെത്തി മദുമേ നടത്തുമ്പോൾ മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒരുപോലെ കൃതാർഥരാകുന്നു. മദിമാളെയും (വധു) മദിമായെയും(വരൻ) പ്രതിമാരൂപത്തിൽ അലങ്കരിച്ച് ആത്മാവിനെ
അതിലേക്കാവാഹിച്ച് ഒട്ടേറെ ചടങ്ങുകളോടെ നടത്തുന്ന മദുമേയും എല്ലാ കല്യാണങ്ങളെയും പോലെ കളിയല്ല കാര്യം തന്നെ. ശരിക്കുമൊരു വിവാഹത്തിന്റെ ഒരുക്കങ്ങളും ചടങ്ങുകളും. ഒപ്പം അപൂർവവും വിചിത്രവുമായ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ അടുത്ത
ബന്ധുക്കളും. സുമേഷ് രണ്ടു വയസ്സിലും സുകന്യ ഒന്നര വയസ്സിലും മരിച്ചുപോയവരാണ്. ഈ പരേതരുടെ ശരീരം പ്ലാവിന്റെ തടിയിൽ കൊത്തിയെടുത് നേരത്തെ പറഞ്ഞപോലെ അണിയിച്ചൊരുക്കുന്നു. കളിപ്പാട്ടങ്ങൾ ചമയിച്ചൊരുക്കുന്ന കുട്ടികളെപ്പോലെ അവ ശ്രദ്ധയോടെ ഒരുക്കിയെടുക്കും. മരണമടഞ്ഞവരുടെ ദുഃഖത്തെയും ഏകാന്തതയെയും യാഥാർഥ്യമായി അറിയുന്ന ഇവർക്ക് ഇതൊക്കെ അത്യന്തം ഗൗരവം നിറഞ്ഞ ചടങ്ങുകളാണ്.

അകാലത്തിൽ മരിച്ചവരുടെ കുടുംബങ്ങളിൽ അനിഷ്ടങ്ങൾ സംഭവിക്കുമ്പോൾ, വിവാഹപ്രായമെത്തും
മുമ്പേ മരിച്ചുപോയവരുടെ ശാപമാണെന്ന് പ്രശ്നവിധിയിൽ ഇവർ കണ്ടെത്താറുണ്ട്. അതിനുള്ള പരിഹാരക്രിയയാണ്
മരിച്ചവരുടെ 'മദുമേ'. അനുയോജ്യനായ മദിമാളെ തങ്ങളുടെ മദിമായ്ക്കുവേണ്ടി അന്വേഷിച്ചു കണ്ടെത്തുന്നു.

സ്വസമുദായത്തിൽ നിന്നുതന്നെയാകണം നാളും പൊരുത്തവും യോജിച്ച ആത്മാവിനെ കണ്ടെത്തേണ്ടത്.
ഓരോ സമുദായത്തിലും ചടങ്ങുകൾക്കും
പ്രാർഥനകൾക്കും ആവാഹനകർമങ്ങൾക്കും നേരിയ വ്യത്യാസങ്ങളുണ്ടെന്നുമാത്രം. മരണമെന്ന നിഗൂഢതയെ തോല്പിക്കുന്ന അനുഷ്ഠാനമാണ് പരേതരുടെ 'മദുമേ'.

ക്രെഡിറ്റ്: ഒരു പ്രമുഖപത്രത്തിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണിത്.

ശുഭം!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Hans

Pakkarante Thirodhanam

Oppu