Pakkarante Thirodhanam


കഥ: പാക്കരന്റെ തിരോധാനം
രചന: ശ്രീരാഗ് പി എസ്


ജനമൈത്രി പോലീസ് സ്റ്റേഷനിൽ എസ് ഐ വരുന്നതും നോക്കിയിരിക്കുകയായിരുന്നു അമ്മിണിയമ്മ.

എന്താണ് അമ്മൂമ്മേ രാവിലെ തന്നെ സ്റ്റേഷനിലേക്ക്?

എസ് ഐ സാറിനെ ഒന്നു കാണണം ഒരു പരാതികൊടുക്കണം.

ഹും, എന്താ കേസ്?

എന്റെ പാക്കരനെ കാണാനില്ല. രണ്ട് ദിവസമായി. എവിടെപ്പോയെന്ന് അറിയില്ല.

വിഷമിക്കാതെ നമുക്ക് പരിഹാരം ഉണ്ടാക്കാം. ദേ, സർ വന്നല്ലോ! സാറിന്റെ റൂമിലേക്ക് ചെന്നോളൂ.

ശരി.

ഹാ, എന്താണ് അമ്മൂമ്മെ?

സാറേ, എന്റെ പാക്കരനെ കാണാനില്ല. രണ്ട് ദിവസമായി ഒരു വിവരവുമില്ല.

ശരി, എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടോ പാക്കരനുമായി ഈ അടുത്ത്?

ഇല്ല സാർ, അങ്ങനെ ഒന്നുമില്ല.

ഏതായാലും ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം. ആട്ടെ, ആളുടെ ഫോട്ടോ എന്തെങ്കിലും?

ഹയ്യോ! ഇല്ല സാർ.

എന്താണ് അമ്മൂമ്മേ, ഒരു ഫോട്ടോ പോലുമില്ല?

എന്തിനാ സാറേ ഫോട്ടോയൊക്കെ, എന്റെ പാക്കരനെ കണ്ടാൽ എനിക്കറിയില്ലേ!

ഞങ്ങൾക്ക് അറിയണ്ടേ അമ്മൂമ്മേ?
ശരി, ശരി എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം. പൊയ്ക്കോളൂ.

സാറേ, എത്രയും വേഗം കണ്ട് പിടിച്ച് തരണം. എനിക്ക് അവൻ മാത്രമേ ഉള്ളൂ കൂട്ടിന്.

അവനോ? (സ്വന്തം കെട്ടിയോനെ ആണോ ഈ തള്ള ''അവൻ"എന്ന് വിളിക്കുന്നെ? ആരാണാവോ?)

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

രണ്ട് ദിവസത്തിന് ശേഷം; മാധ്യമങ്ങളോട്

കേരളാ പോലീസിന്റെ മികവ് തെളിയിക്കുകയാണ് നമ്മൾ. ജനമൈത്രിയുടെ ലക്ഷ്യം നിറവേറ്റുക എന്നതാണ്‌ നമ്മുടെ കടമ. അഞ്ച് ദിവസം മുമ്പ് കാണാതെ പോയ പാക്കരൻ എന്ന വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. തികച്ചും വികൃതമായ (ചെളി പുരണ്ടതും) നിലയിൽ പോലീസ് സ്റ്റേഷന് അടുത്തുള്ള റോഡ് സൈഡിലെ ഓടയിൽ നിന്ന്. കൊലയാളി ആരെന്നും ഉദ്ദേശം എന്തെന്നും കേരളപൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉടൻ തന്നെ അന്വേഷണത്തിലൂടെ കണ്ടെത്തി അറിയിക്കുന്നതാണ്. തൽകാലം ബോഡി പോസ്റ്റ്മാർട്ടത്തിന് അയച്ചിട്ടുണ്ട്.

അപ്പോൾ പാക്കരനെ കാണാനില്ല എന്ന് പരാതി തന്ന ഒരു പ്രായമുള്ള സ്ത്രീ?

അവരെ ഞങ്ങൾ വിളിച്ചിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വരും. ജനമൈത്രി പോലീസിന്റെ ധീരത ഈ ലോകത്തെ കാണിക്കൂ,

സാറേ, എന്റെ പാക്കരൻ?

അമ്മിണിയമ്മ, വിഷമിക്കാതെ ഇരിക്കൂ, നിങ്ങളുടെ പാക്കരനെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു, പക്ഷെ!

എന്താ സാർ?

അയാൾ മരിച്ചു,

മരിച്ചെന്നോ? പാക്കരാ..... എവിടെ അവനെ കുഴിച്ചിട്ടോ? അതോ തിന്നോ? അവനെ കൊണ്ടുപോയവർ ആരായാലും അവന്റെ ഒക്കെ തലയിൽ ഇടുത്തി വീഴണേ ദൈവമേ. ഒന്നും രണ്ടുമല്ല മുന്നൂറ് രൂപയാണ്.

എന്താ നിങ്ങൾ ഈ പറഞ്ഞു വരുന്നത് അമ്മിണിയമ്മേ, കുഴിച്ചിട്ടെന്നോ? തിന്നെന്നോ? മുന്നൂറ് രൂപയോ?

ഹാ, സാറേ ആ ചന്ദ്രന്റെ കടയിൽ നിന്നും ഞാൻ മേടിച്ച പൂവൻ കോഴി, പാക്കരൻ

വാട്ട്???

കേരളാ പോലീസിന്റെ തികച്ചും ഉത്തരവാദിത്വമില്ലാത്ത ഒരു കോഴി കേസിനാണ് ഇന്ന് ഇവിടെ ഇത്രയും ആളുകളുടെ സാന്നിധ്യത്തിൽ മാധ്യമത്തെയും പബ്ലിക്കിനേയും ഒരേപോലെ കോമാളിമാരാക്കിയത്. ഈ അനാസ്ഥയെ പറ്റി കേരളം ചർച്ച ചെയ്യണം.
ജനരക്ഷകർ സാധാരണ കോഴികേസിൽ ഏർപ്പെട്ടു വലിയ കൊലപാതകം തന്നെ മായ്ച്ചു കളയാനാണോ ഈ കളികൾ? പരാതി കൊടുക്കാൻ വന്ന വൃദ്ധയുടെ മുഴുവൻ വാക്കുകളും കേൾക്കാതെ അന്വേഷണത്തിനുള്ള തുടക്കങ്ങൾ എടുക്കുന്നതാണോ ഇന്നത്തെ പോലീസിന്റെ അവസ്ഥ? അപ്പോൾ ഈ മരിച്ചത് ആര്? ചോദ്യങ്ങൾക്ക് മേൽ ചോദ്യങ്ങളുമായി ജനങ്ങൾക്കൊപ്പം ട്രൂ ടിവി ന്യൂസ് പിറകെ.

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ആ തള്ളയ്ക്ക് പ്രാന്താണെന്ന് ഞങ്ങൾ അറിഞ്ഞില്ല സാർ.

എനിക്ക് ഒന്നും കേൾക്കേണ്ട മിസ്റ്റർ
എസ് ഐ നാണമില്ലല്ലോടോ തനിക്കൊക്കെ! ച്ഛേ, ഈ കുപ്പായം ഊരിയിട്ട് വല്ല....

സോറി സർ.

എനിക്ക് ഒന്നും കേൾക്കണ്ട. തൊപ്പി തെറിക്കണ്ട എങ്കിൽ നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ എന്താ നടന്നതെന്ന് കണ്ടെത്തിക്കൊള്ളൂ!

എസ്, സാർ.

ജനമൈത്രിയുടെ വിലകളയാൻ, എടോ താൻ ഇനി കുറച്ച് നാളത്തേക്ക് മാധ്യമങ്ങൾക്ക് മുഖം കൊടുക്കേണ്ട കേട്ടോ!

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ശരിക്കും എന്താണ് സംഭവിച്ചത്?
ആ തള്ള ആരാ? പാക്കരൻ ആരാ? ഈ മരിച്ചതാരാ? ദൈവമേ നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ!

നമുക്ക് ഇത് എങ്ങനെയെങ്കിലും കണ്ടെത്തണം സാർ.

ശരിയാടോ ഇല്ലെങ്കിൽ, ഈ വല്ലാത്ത ചീത്തപ്പേരും ഒപ്പം തൊപ്പിയും പോക്കാണ്.

തള്ള കേസ് കൊടുക്കാൻ വന്നത് അഞ്ച് ദിവസങ്ങൾക്ക് മുമ്പ്, അതായത് സെപ്റ്റംബർ ഇരുപത്തിയഞ്ച്. ഇന്ന് മുപ്പത്. കേസ് കൊടുത്ത് പോയ ദിവസം മറ്റെന്തെങ്കിലും കേസ്?

ഉവ്വ് സാർ, ഒരു മോഷണ കേസ് പ്രതി പാക്കരൻ തമ്പി എന്നൊരാൾ. അതേ, സാർ ഞാൻ ഓർക്കുന്നു, ഒരു കോഴികള്ളൻ ആയിരുന്നു അവൻ.

പൂവൻ കോഴി???

അതേ സാർ. നമ്മൾ അന്ന് വൈകുന്നേരം ഒരു കോഴി ഗ്രിൽ ചെയ്ത് സ്മോൾ അടിച്ചിരുന്നു.

ഓക്കേ, ഓക്കേ എന്നിട്ട്?

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ഇരുപത്തിയഞ്ചാം ദിവസം വൈകുന്നേരം, മദ്യപാനത്തിൽ പോലീസ്:

ഈ നാടൻ കോഴിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്. എവിടെന്നാടോ ഒപ്പിച്ചേ? ഒന്നുകൂടി കിട്ടുമോ?

അതിനിപ്പോ എന്താ സാർ അവനോട് പറഞ്ഞാൽ കൊണ്ടുവരുമല്ലോ!

എന്നാൽ പറഞ്ഞു വിടടോ!

എടാ, പാക്കരാ ഇതേപോലെ ഒരെണ്ണം കൂടി ഒന്ന് ചൂണ്ടികൊണ്ട് വാടാ.

സാറേ, അത് വേണോ?

കൊണ്ടുവന്നാൽ നിനക്ക് പോകാം, ചെല്ലടാ!

ശരി സാറേ!

ഞാൻ ഒന്ന് മയങ്ങുകയാണ് പി സി അവൻ വരുമ്പോൾ വിളിച്ചേരേ.

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ഇരുപത്തിഒമ്പതാം ദിവസം രാത്രി എല്ലാ ദിവസത്തെയും പോലെ മദ്യപാനത്തിൽ:

എന്താടോ ഒരു നാറ്റം റോഡിൽ?

അറിയില്ല സാർ, വല്ല പട്ടി ചത്തതാകും!

എന്താണെന്ന് പോയി നോക്കടോ!

ഉം.

സാറേ ഓടിവരണേ, ഇവിടെ ഒരു ഡെഡ് ബോഡി!


എന്താ, ഇതിപ്പോൾ ആരാണാവോ ഓടയിൽ ചാടി ചാവാൻ, പൊക്കിയെടുക്കടോ!
താൻ മുഖത്ത് കുറച്ച് വെള്ളം ഒഴിച്ച് നോക്കൂ മുഖം വ്യക്തമാകുന്നുണ്ടോ എന്ന്!

ഉം, സാറേ കഴിഞ്ഞ ദിവസം കോഴിയെ പിടിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞുപോയ കള്ളൻ പാക്കരൻ.

ഹേ? അവനോ?

ചത്തിട്ട് രണ്ട് മൂന്ന് ദിവസമായി എന്ന് തോന്നുന്നു. സാറേ, എനിക്കൊരു ഐഡിയ കഴിഞ്ഞ ദിവസം വന്ന ആ അമ്മിണിയമ്മയില്ലേ? പുള്ളിക്കാരിയുടെ കേസ് ഇതാണെന്ന് പറഞ്ഞ് ഒഴിവാക്കിയാലോ? ഏതായാലും ഇവനെ തിരഞ്ഞ് ആരും വരാൻ പോകുന്നില്ല.

എടോ, അതൊക്കെ പുലിവാലാകില്ലേ?

എന്ത് ആവാൻ. കുഴിയിലേക്ക് കാല് നീട്ടിയിരിക്കുന്ന അവർക്ക് ഈ വികൃതമായ മുഖം കാണുമ്പോൾ മനസിലാകില്ലല്ലോ. പിന്നെ എന്താ ഇത്ര പേടിക്കാൻ?

എന്നാലും എടോ?

സാർ പേടിക്കണ്ട, നമുക്ക് നോക്കാം. കേരളാ പൊലീസിന് ഒരു മാതൃക ആവട്ടെ നമ്മുടെ ഈ ജനമൈത്രി സ്റ്റേഷൻ.

എങ്കിൽ മുഖം കുറച്ചുകൂടി വികൃതമാക്കടോ നോക്കി നിൽക്കാതെ, ഇതാ ഈ കത്തികൊണ്ട് ചെയ്യൂ. നാളെ പുലർച്ചെ നമുക്ക് ബോഡി കണ്ടെത്തിയതായും കൊലപാതകം ആണെന്നും പറഞ്ഞ് മാധ്യമത്തെ സമീപിക്കാം. പിന്നെ കേസ് വേറെ വഴിതിരിവിലേക്ക് എന്നും പറഞ്ഞ് പിടിച്ച് നിൽക്കാം.

പക്ഷെ, പിന്നീട് ഒരന്വേഷണം വന്നാൽ?

തേച്ചും മാച്ചും കളയാൻ കഴിവുള്ളവരല്ലേ ഡിപ്പാർട്ട്മെന്റിൽ ഇരിക്കുന്നത്, അത്രക്ക് നട്ടെല്ലുള്ളവരാണെങ്കിൽ അന്വേഷിക്കട്ടെ അപ്പോൾ കാണാം.

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

മദ്യത്തിന്റെ ലഹരിയിൽ നടന്നത് ഒന്നും ഓർക്കുന്നില്ലല്ലോടോ പി സി.

വൈകാതെ എല്ലാം പബ്ലിക് അറിഞ്ഞുകൊള്ളും മിസ്റ്റർ എസ് ഐ

കമ്മീഷണർ സാറോ, സാർ ഇപ്പോൾ വന്നു?

ലഹരിയിൽ അറിഞ്ഞില്ലായിരിക്കും, ജനമൈത്രി നാടുതോറും മൂന്നാമത് ഒരു കണ്ണ് തുറന്ന് വച്ചത്. അപ്പോൾ എങ്ങനെയാണ്, കുപ്പായം ഉപേക്ഷിക്കുകയല്ലേ? ആൻഡ് ഓൾ അൺഡർ അറസ്റ്റ്.

സാർ, ഞങ്ങൾ?

ജനങ്ങളെ സേവിക്കുവാനുള്ള പോലീസ് തന്നെ ഇങ്ങനെ ചെയ്താൽ എന്തിനാടോ പിന്നെ ഇതൊക്കെ?

സാർ, എന്താണ് നടന്നതെന്ന് ഞങ്ങൾക്ക് അറിയില്ല.

പക്ഷെ, നടന്നതെല്ലാം മദ്യത്തിനറിയാമെടോ.

അപ്പോൾ പാക്കരൻ എങ്ങനെയാണ് മരിച്ചത്?



a SREERAG story

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Hans

Oppu