Hans
കഥ: ഹാന്‍സ്
രചന: ശ്രീരാഗ് പി എസ്
"അളിയാ, ഒരു നുള്ള് പൊടിയെടുത്ത് ഇടതുകൈയിലിട്ട് ഒന്ന് ഞെരടി എടുത്ത് താഴെ ചുണ്ടിൽ വച്ചാ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ, അതൊന്നു വേറെ തന്നെയാ"
"ഒരു രൂപ പിന്നെ രണ്ട്, മൂന്ന്, അങ്ങനെ വിലയിൽ തുടങ്ങിയതാണ് ദേ ഈ സാധനം. എം.ആർ.പി വച്ച് നോക്കി പറയുകയാണെങ്കിൽ അഞ്ചു രൂപ തന്നെയാണ് ഇപ്പോഴും. പക്ഷെ കടക്കാരൻ അമ്പതും നൂറിനും വരെ വിറ്റു തുടങ്ങി. സാധാരണക്കാരനൊക്കെ എങ്ങനെ ഈ വിലക്കയറ്റത്തിൽ വാങ്ങും? എന്തു വന്നാലും വാങ്ങാതിരിക്കാനും പറ്റാത്ത അവസ്ഥയാണല്ലോ, അത്രയ്ക്ക് അങ്ങു സ്നേഹിച്ചു പോയല്ലോ!"
എവിടെയോ ഉള്ള ഏതോ രണ്ടുപേർ പറഞ്ഞതാണ് ഇത്. 'ഹാൻസ്' എന്ന പാൻമസാലയെ സ്നേഹിച്ച ഒരുപാട് ആളുകളുടെ കഥയിൽ ടോണി എന്ന ഒരു നാട്ടിൻ പുറത്തുകാരന്റെ കഥയാണ് ഇത്. പാൻമസാലകളിൽ എന്നും ഒരുപറ്റം യുവാക്കൾക്ക് പ്രിയപ്പെട്ടത് ഹാൻസ് തന്നെയായിരുന്നു. അത് അന്നും ഇന്നും എന്നും ഒരു ഹരം തന്നെയായിരുന്നു ആ മഞ്ഞ നിറമുള്ള കവർ.
ഒരു സായാഹ്ന നേരം, തന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിവസം.
ടോണി, "എന്റെ പൊന്നു വല്യപ്പാ (കവറിന് പുറത്തുള്ള പടം) നിങ്ങൾ ഒരു സംഭവം തന്നെയാണ്, നിങ്ങളാണ് ഒരിറ്റു നേരത്തേക്ക് എനിക് ധൈര്യം തന്നത്. മരിച്ചാലും മറക്കില്ല"
പെട്ടന്ന് ഒരു ശബ്‌ദം,
"ഉവ്വ, ഉവ്വേയ്"
ആ ശബ്‌ദം കേട്ട് ഒന്ന് ഞെട്ടി,
"ആരാ ഇവിടെ, ആരാണ് എന്നാ ചോദിച്ചത്.?"
"ഞാൻ ആണ് മോനെ ഹാൻസ്"
"ഹാൻസോ, അതല്ലേ ഞാൻ ഇപ്പോൾ ചുണ്ടിൽ വച്ചേക്കുന്നെ, നിങ്ങൾ ആരാ കാരണവരെ?"
"അതു തന്നെയാ ഞാൻ പറഞ്ഞേ മോനെ, നീ ആ കവറിന് പുറത്തെ ഫോട്ടോ നോക്കൂ"
"ആ, അത് നിങ്ങൾ ആണല്ലേ, കൊള്ളാം, കൊള്ളാം, എന്തിനാണ് വന്നത്?"
"നിങ്ങളൊക്കെ എന്റെ വല്യ ഫാൻ അല്ലെ അപ്പൊ ഒന്നു കണ്ടിട്ട് പോകാം എന്ന് കരുതി"
"എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ചോദിക്കണം എന്നു വിചാരിച്ചതാണ്, എങ്ങനെയാണ് നിങ്ങൾ ഇത്രയും ഫെയ്‌മസ് ആയത്?"
"ഓ, അതോ, പണ്ടുമുതൽക്കെ, ഇപ്പോൾ ഉള്ളപ്പോലെ നിങ്ങളുടെ സർക്കാരിന് ഞാൻ വെറും ഒരു പുകയില വർഗ്ഗത്തിൽ പെട്ട സാധാരണ ഒരു ഉത്പന്നം മാത്രമായിരുന്നു. അപ്പോഴൊന്നും എന്നെ അധികമാരും ശ്രദ്ധിച്ചില്ല. പിന്നെപ്പോഴോ കൊലയാളി എന്നും പറഞ്ഞ് എന്നെ നാടുകടത്തി, പിന്നെ, പിന്നെ എല്ലാവർക്കും എന്നെ വല്ലാതെ മിസ് ചെയ്ത് തുടങ്ങി. പിന്നെ അവിടുന്നു ഇവിടുന്നുമൊക്കെ ഞാൻ തിരിച്ചെത്തി. എങ്കിലും എന്റെ ഫാൻസ് ഇന്നും ഇവിടെയുള്ളതുകൊണ്ട് ഞാൻ ജീവിക്കുന്നു"
"ഇനി,പറ മോനെ എങ്ങനെയാണ് നിന്റെ ജീവിതത്തിൽ ഞാൻ വന്നത്?"
അതുപിന്നെ, ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം. എന്നും ടീച്ചർ തലേ ദിവസം പഠിപ്പിച്ച കാര്യങ്ങൾ ദിവസേന ചോദിക്കുമായിരുന്നു. ഞാനൊക്കെ ആവറേജ്ലും താഴെയാരുന്നു. പിന്നെ പറയണ്ടല്ലോ ഇതൊക്കെ ഉപയോഗിക്കുന്നവർ എന്നും ബിലോ ആവറേജ് ഒക്കെ തന്നെ. ചോദ്യം ചോദിച്ചു എന്റെ അടുത്തെത്തി. ഞാൻ ബ..ബ..ബ.. അടിച്ചു. ആ മുഴുത്ത ചൂരലിൽ നിന്നും രണ്ടെണ്ണം എനിക്കും കിട്ടി. അടുത്ത പീരിയഡ് തുടങ്ങുന്നതിനു മുമ്പ് ശരത് എന്ന എന്റെ സുഹൃത്ത് ഒരു മഞ്ഞ കവർ എടുത്തു പൊട്ടിച്ച് കുറച്ച് കയ്യിലേക്ക് ഇട്ട് ഞെരടി ചുണ്ടിൽ കയറ്റി വയ്ക്കുന്നത് കണ്ടു, എന്താ ഇത് എന്ന് ഞാൻ ചോദിച്ചു.
"അളിയാ, സൂപ്പർ സാധനമാണ്, ഇത് വച്ചാൽ പിന്നെ സ്വർഗം കാണാം. തലവേദനയ്ക്ക് ഒക്കെ നല്ലതാണ്, എന്താടാ നോക്കുന്നോ?"
ഒരു ആകാംഷയോടെ ഞാൻ പറഞ്ഞു.
"ആം"
അവൻ എന്റെ കയ്യിലേക്ക് കുറച്ചു പൊടി ഇട്ടു. അവനെ പോലെ തന്നെ ഞാനും അത് ഞെരടി, എടുത്ത് ചുണ്ടിൽ വച്ചു. പെട്ടന്ന് തന്നെ ഒരു തലകറക്കം പോലെ തോന്നി. അപ്പോൾ തന്നെ ഞാൻ അത് തുപ്പികളഞ്ഞു.
"എനിക് വേണ്ട അയ്യേ, തല കറങ്ങുന്നു ടാ"
"അത് ആദ്യമായത് കൊണ്ടാടാ, അത് കുഴപ്പമില്ല, ശീലമായിക്കൊള്ളും"
"ഏതായാലും എനിക് വേണ്ട നീ തന്നെ വച്ചോളൂ"
അന്ന് വീട്ടിൽ ചെന്നപ്പോഴും തലയുടെ ആ അസ്വസ്ഥത മാറിയിട്ടില്ലായിരുന്നു. വീട്ടുകാർ പലതും ചോദിച്ചു. ഞാൻ ഒന്നും വിട്ടു പറഞ്ഞില്ല. പിറ്റേദിവസം ക്ലാസ്സിൽ ആ ചോദ്യം ചോദിക്കുന്ന ടീച്ചർ വന്നില്ല. ലീവ് ആയിരുന്നു. ആ പീരിയഡ് ഫ്രീ ആയിരുന്നതിനാൽ ശരത് അന്നും സാധനം കൊണ്ടുവന്നിരുന്നു. അവൻ രാവിലെ തന്നെ സാധനം എടുത്ത് വച്ച് നല്ല ഫോമിലായി. എന്നോട് വീണ്ടും ചോദിച്ചു വേണോ എന്ന്. "ആ, ഫ്രീ പീരിയഡ് അല്ലെ എന്നാൽ ആയിക്കോട്ടെ" എന്നു വിചാരിച്ചു വീണ്ടും അങ്ങു വച്ചു. പിന്നെ വച്ചപ്പോഴാണ് അവൻ പറഞ്ഞ ആ സ്വർഗ്ഗ ലോകം എനിക്കുമുമ്പിൽ തെളിഞ്ഞത്. അതിൽ ഞാൻ ആടുന്നു പാടുന്നു, മറ്റെന്തോക്കെയോ ഉള്ളിൽ വല്ലാത്ത നടക്കുന്നു. പക്ഷെ അത് അധിക നേരം ഉണ്ടായില്ല. എങ്കിലും ആ പരീക്ഷണം പിന്നെയും തുടർന്നു. അങ്ങനെ പത്താം ക്ലാസ് പ്ലസ് വൺ, പ്ലസ് ടു. എല്ലാ തലത്തിലും അതെന്റെ കൂടെയുണ്ടായിരുന്നു നല്ലൊരു ചങ്ങാതിപോലെ. അങ്ങനെ കോളേജിൽ ചേരുമ്പോഴും ആ ചങ്ങാതി കൂടെ തന്നെ ഉണ്ടായിരുന്നു. അപ്പോഴാണ് ഈ പറഞ്ഞ ഹാൻസ് നിരോധനം കേരളത്തിൽ കർശനമാക്കിയത്. പെട്ട് പോയി പിന്നെയുള്ള ഓരോ ദിവസവും. കിട്ടാതെ വന്നപ്പോൾ പലതും കാണിച്ചു. ഒരിക്കൽ കണ്ടെത്തി കോളേജിനടുത്തുള്ള ഒരു പെട്ടികടയിൽ സാധനം ഉണ്ടെന്ന്. ആദ്യം തരാൻ കടക്കാരൻ കൂട്ടാക്കിയില്ല. എങ്കിലും അല്ലറ ചില്ലറ ലൊട്ടുലോടുക്ക് വിദ്യകളിൽ സാധനം കയ്യിലെത്തി. പിന്നെ അതങ്ങു പതിവായി. ഇതിനിടയിൽ വിലക്കയറ്റം നന്നായി ബാധിച്ചു. പ്രണയം അങ്ങനെയൊന്നുണ്ടെങ്കിൽ അത് ഹാൻസ്നോടയിരുന്നു അന്നും ഇന്നും അതിനു മാറ്റമില്ല. അങ്ങനെ പറയാൻ കാരണം പെൺകുട്ടികളോടൊന്നും അധികം ഒന്നും മിണ്ടിയിട്ടുപോലുമില്ല നാളിതുവരെ. അങ്ങനെയിരിക്കുമ്പോഴാണ് പെട്ടന്നൊരിക്കൽ ഒരു വല്ലാത്ത തലചുറ്റൽ ഇതുവരെ കാണാത്ത രീതിയിലെന്ന പോലെ ബാധിച്ചു. ഞാൻ അവിടെ ക്ലാസ്സിൽ തലകറങ്ങി വീണു. ഹോസ്പിറ്റലിൽ കൊണ്ടുപോയി, പല ചെക്കപ്പുകളും എടുത്തു. വീട്ടിൽ നിന്നും കാര്യം അറിഞ്ഞ് പപ്പയും മമ്മയും എത്തി. ഡോക്ടർ അവരെ റൂമിലേക്ക് വിളിപ്പിച്ചു.
"എന്താ ഡോക്ടർ എന്താ എന്റെ മോന് പറ്റിയത്?"
"പാൻ മസാല ഉപയോഗിക്കാറുണ്ടല്ലേ, മോൻ"
"പാൻ മസലയോ, എന്റെ മോനോ?, ഇല്ല"
"സംശയം ഉണ്ടെങ്കിൽ റിപ്പോർട്സ് നോക്കാം, സംഗതി കാൻസർ ആണ്, രക്ഷപെടാൻ ചാൻസ് വളരെ കുറവാണ്. എങ്കിലും നമുക്ക് ശ്രമിക്കാം. ഏതായാലും ഓപ്പറേഷൻ വൈകിക്കേണ്ട"
ദേഷ്യവും സങ്കടവും ഒരേ താളത്തിൽ ആ മാതാപിതാക്കളുടെ മുന്നിലെത്തി. അവർ ഞാൻ കിടക്കുന്ന മുറിയിലേക്ക് വന്നു.
"ടോണി, എന്താടാ ഈ കേൾക്കുന്നെ ഞങ്ങൾ?, ഇതിനാണോടാ നിന്നെ വളർത്തി വലുതാക്കിയത്? ഇതിലും ഭേദം ഞങ്ങളെ അങ്ങ് കൊല്ലുന്നതാ നല്ലത്. കർത്താവേ, ഒറ്റ മോനായകൊണ്ട് ലാളിച്ചു വളർത്തി. എന്നിട്ട് നീ ഞങ്ങൾക്ക് തന്ന ശിക്ഷയല്ലേ ഇത്"
അമ്മയുടെ വാക്കുകളിൽ അച്ഛൻ എന്ന മഹാസാഗരം തളർന്നുകൊണ്ടേയിരുന്നു. ആ മനുഷ്യൻ ഒന്നും തന്നെ മിണ്ടിയില്ല. കണ്ണുകളിൽ ഒരുപിടി കണ്ണുനീരിന്റെ കൂമ്പാരം മാത്രം. എന്തു വിലവന്നാലും എന്റെ മോനെ ഞാൻ രക്ഷിക്കും എന്ന മട്ടിൽ അദ്ദേഹം പടിയിറങ്ങി. ഡോക്ടർ പറഞ്ഞ ബാക്കി വാക്കുകൾ കൂടി അദ്ദേഹത്തിന്റെ മനസിലേക്ക് ഓടിയെത്തി.
"ഒരു പത്ത്, പതിനഞ്ച് ലക്ഷം ആകും ഓപ്പറേഷന്, എങ്കിലും വല്യ സ്കോപ്പ് ഒന്നും പ്രതീക്ഷിക്കണ്ട, എന്തെങ്കിലും മിറാക്കിൾ സംഭവിക്കണം. നമുക്ക് ശ്രമിക്കാം മിസ്റ്റർ തോമസ്, വിഷമിക്കാതെ ഇരിക്കൂ"
അത് വല്ലാതെ ആ മനുഷ്യന്റെ മനസിനെ അലട്ടി. തന്റെ ജീവൻ കളഞ്ഞിട്ടും എന്നെ രക്ഷിക്കണം എന്ന ഉദ്ദേശത്തോടെ ലോൺ എടുത്തും, കടം മേടിച്ചും, വീട് വിറ്റും പതിനഞ്ച് ലക്ഷം ഉണ്ടാക്കി"
"എന്നിട്ട്?" കഥ കേട്ടിരുന്ന കാരണവർ(ഹാൻസ്) ചോദിച്ചു.
"എന്നിട്ട് എന്താ നാളെയാണ് എന്റെ ഓപ്പറേഷൻ, ഞാൻ ഒരിക്കലും നിങ്ങളെ കുറ്റപെടുത്തുന്നില്ല, നിങ്ങൾ വെറുമൊരു ഉപാധി മാത്രമാണ്. നിങ്ങളെ ഇങ്ങനെ ഒക്കെ ആക്കുന്നത് മറ്റുള്ളവരുടെ അനുഭവങ്ങളാണ്. ആ അനുഭവങ്ങൾ എത്ര കേട്ടിട്ടും ഞങ്ങൾ പഠിക്കുന്നില്ലല്ലോ, നിങ്ങൾ എത്ര വലിയ കൊലയാളിയാണെന്ന്, ഏതായാലും നാളെ ഞാൻ മരിക്കും, ഇത്രയും ദിവസം എന്റെ പപ്പയും മമ്മിയും കഷ്ടപെട്ടത് വെറുതെ ആകും. ഇനി അങ്ങോട്ട് എല്ലാവരുടെയും ഉള്ളിലെ കണ്ണുനീരായി മറയും. എങ്കിലും ഞാൻ തോറ്റുകൊടുക്കില്ല. ഈ ടോണി ഒരിക്കലും ഒന്നിനെയും പേടിക്കില്ല. ഇത് ഉപയോഗിച്ചാൽ ദൂഷ്യഫലം ഉണ്ടാകും എന്നറിഞ്ഞിട്ട് തന്നെയാണ് ഉപയോഗിച്ചത്. എന്നാൽ പിന്നെ ഇതുകൂടി ഇരിക്കട്ടെ"
അവന്റെ കയ്യിലുള്ള അവസാന പാക്കറ്റ് എടുത്ത് ഞെരടി ചുണ്ടിലേക്ക് ചേർത്തു. ആ നിമിഷം കണ്ടത് നാളെയെന്താണോ നടക്കാൻ പോകുന്നത് അതായിരുന്നു. നിച്ഛലരായ ഡോക്ടർമാർ, കണ്ണുനീർ തോരാത്ത മാതാപിതാക്കൾ, കാത്തിരിക്കുന്ന ആറടി മണ്ണ്, മെഴുകുതിരിയുടെയും ബൈബിളിന്റെയും അടുത്തുള്ള ചിരിയുടെ സ്ഥാനം, ഇടക്കിടെ ആകാശത്ത് മിന്നിമറയുന്ന നക്ഷത്രവും.
"ആ കാരണവർ പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു ഇനിയും നിന്നെപ്പോലെ എത്രപേര് ചത്താലും ഞാൻ എന്നും ഇവിടെ തന്നെ കാണും"
ഒരിക്കലും തീരാത്ത അധ്യായമായി അവിടെ ആവർത്തനം നടന്നു കഴിഞ്ഞിരുന്നു. മറ്റൊരാളെ തേടി ആ കാരണവർ എങ്ങോട്ടോ യാത്രയായി.
a SREERAG story
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ