Chicken Biriyani


കഥ: ചിക്കന്‍ ബിരിയാണി
രചന: ശ്രീരാഗ് പി എസ്
ഒരു സായാഹ്ന സമയം. പഠിക്കുന്ന കുട്ടികൾ എല്ലാം തന്നെ വീട്ടിലേക്ക് ചിരിച്ചെത്തുന്ന നേരം. ക്ലാസ് കഴിഞ്ഞു അവനും വന്നു. പേര് വരുൺ ശങ്കർ, കൂടെ അമ്മ അനിത ശങ്കർ. അച്ഛൻ ശങ്കർ മരിച്ചു പോയി. പതിവുപോലെ വീട്ടിലെത്തിയ അവൻ വേഗം വന്നു. കയ്യിലുള്ള ബാഗ് വലിച്ചെറിഞ്ഞു. ഉച്ചത്തിൽ അമ്മയെ വിളിച്ചു.

"അമ്മേ."

''ആ മോനെ കുട്ടു നീ വന്നോ?''

"ഉം, വന്നു എന്തെങ്കിലും കഴിക്കാൻ എടുക്കൂ വിശന്നിട്ട് വയ്യ".

"എടാ ഒരു പത്ത് മിനിറ്റ് ഇപ്പോൾ ഉണ്ടാക്കിത്തരാം"

'"അമ്മേ, എത്ര വിശപ്പോടെയാണ് ഞാൻ വരുന്നത് എന്നു അറിഞ്ഞിട്ടും എന്താണ് എത്ര താമസം?"

"വീട്ടുജോലികൾ ഒക്കെ കഴിഞ്ഞ് ഉച്ചക്ക് കിടന്നപ്പോൾ ലേശം ഒന്നു മയങ്ങിപ്പോയി. ശരിയായ സമയത്ത് എഴുന്നേൽക്കാൻ
പറ്റിയില്ല അതാ. സോറി ടാ കുട്ടു"

വീണ്ടും അവൻ ആകെമൊത്തം ദേഷ്യത്തോടെ,

"എനിക് വിശക്കുന്നു"

അതീവ ദേഷ്യത്തിൽ വീണ്ടും,

"നിങ്ങൾക്കെന്താ ഇത്ര പണി ഇവിടെ കിടന്ന് ഉറങ്ങാൻ സമയം ഉണ്ടല്ലോ!"

"അച്ഛനില്ലാതെ വളർത്തി വലുതാക്കിയ അമ്മയോട് നി ഇനഗ്നെ തന്നെ പറയണം കേട്ടോടാ കുട്ടു"

അമ്മ വിഷമത്തോടെ വേണ്ടും,

"ഒന്നു കാത്തുനിൽക്കടാ ഇപ്പോൾ ഉണ്ടാക്കി കഴിയും"

"എനിക് വേണ്ട"

ആ അമ്മയുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു. അവൻ ഇതൊന്നും
ശ്രദ്ധിക്കാതെ വേഗം ചെന്ന് ബൈക് സ്റ്റാർട്ട് ചെയതു. എന്നിട്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

"ഞാൻ പുറത്ത് പോയി വല്ലതും കഴിച്ചുകൊള്ളാം. എനിക് വേണ്ട
' നിങ്ങൾ ഉണ്ടാക്കിയ ഭക്ഷണം"

"മോനെ, കുട്ടു പോകല്ലേടാ"

അതു കേൾക്കാതെ അവൻ പോയി.

ആ പോകുന്നതും നോക്കി അമ്മ ഉമറത്തു നിന്നു മിഴിനീരോടെ. ആ തുള്ളികൾ നിലത്തേക്ക് ഇറ്റിറ്റായി പതിച്ചുകൊണ്ടിരിന്നു.

അവൻ ടൗണിൽ എത്തി. പുണ്യം റെസ്റ്റോറന്റ് എന്ന ഒരു ഹോട്ടലിൽ കയറി. ഒരു ടേബിളിൽ ചെന്നിരുന്നു. പെട്ടന്ന് വൈറ്റർ വന്നു. എന്താണ് വേണ്ടത് എന്നു ചോദിച്ചു. അവൻ പറഞ്ഞു.

"ചിക്കൻ ബിരിയാണി".

അപ്പോൾ വൈറ്റർ, "മറ്റെന്തെങ്കിലും?"

അയാൾ വീണ്ടും ചോദിച്ചു. ഒന്നും വേണ്ട എന്നു പറഞ്ഞു മൂളി. അയാൾ അവന്റെ ഓർഡർ എടുത്ത് കിച്ചനിലേക്ക് പോയി. ഹോട്ടലിന്റെ അകത്തു നിന്നും അവൻ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. പെട്ടന്ന് ഒരു യാതിർച്ഛികമായി ഒരു ഭിക്ഷക്കാരൻ അവിടെ കയറി വരുന്നു. അയാൾ ആ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന മുതലാളിയോട് "എന്തെങ്കിലും തരണേ" എന്നു കെഞ്ചുന്നു. അവൻ ഇതെല്ലാം തന്റെ കണ്ണിമ വെട്ടാതെ നോക്കി നിന്നു. പെട്ടന്ന് അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.
ആ കോൾ അറ്റൻഡ് ചെയ്തു. മറുവശത്തു
നിന്നും,

"ഹലോ, വരുൺ. ഇത് ഞാനാണ് അമൽ
നി വേഗം എന്റെ വീട്ടിലേക്ക് ഒന്നു വരണം"

"ടാ ഞാൻ ഇപ്പോൾ ഒരു ഹോട്ടലിൽ
കയറിയിരിക്കുകയാണ്. ഫുഡും ഓർഡർ ചെയ്തു. കഴിച്ചു കഴിഞ്ഞു വരാം".

"പോര നി ഇപ്പോൾ തന്നെ വരണം, ആ ഓർഡർ ചെയ്തത് ക്യാൻസൽ ചെയ്തു. ഇവിടെ വന്നിട്ട് ഫുഡ് കഴിക്കാം. നിന്റെ ബെസ്റ്റ് ഫ്രണ്ട് അമൽ അല്ലെ വിളിക്കുന്നത്. പ്ലീസ് ടാ അളിയാ"

"എങ്കിൽ ഓക്കെ ഞാൻ വരാം, ആട്ടെ, എന്താ പരുപാടി അവിടെ.?"

"അതൊക്കെ ഇവിടെ വന്നിട്ട് പറയാം. നീ വേഗം വരൂ"

ഇത്രയും പറഞ്ഞു അമൽ ഫോൺ കട്ട് ചെയ്തു. അപ്പോഴേക്കും. ഓർഡർ ചെയ്ത ഫുഡ് കൊണ്ടുവന്നു. അവൻ അയാളോട് പറഞ്ഞു.

"ചേട്ടാ, ഫുഡ് വേണ്ട ക്യാൻസൽ ചെയ്യാൻ പറ്റുമോ?

"ഓർഡർ എടുത്തു കൊണ്ടുവന്നത് ക്യാൻസൽ ചെയ്താലും നിങ്ങൾ പണം കൊടുക്കണം. അങ്ങനെയാണ്."

"എങ്കിൽ ഇത് പാർസൽ ആയി തന്നോളൂ"

"ശരി"


അവൻ അത് വാങ്ങി ക്യാഷ് കൗണ്ടറിൽ ചെന്നു ചോദിച്ചു.

"എത്രയായി?"

"ഒരു ചിക്കൻ ബിരിയാണി പാർസൽ അല്ലെ, 135/- രൂപ. അയാൾ പറഞ്ഞു. അവൻ 500 രൂപ കൊടുത്തു"

ബാക്കി പൈസക്ക് വേണ്ടി കാത്തുനിൽക്കുമ്പോഴും ആ ഭിക്ഷക്കാരൻ അവിടെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അയാൾ ബാക്കി രൂപ തിരിച്ചു കൊടുത്തു. അതിൽ നിന്നും ഒരു അഞ്ചു രൂപ ആ ഭിക്ഷക്കാരന് വേണ്ടി അവൻ കൊടുത്തു. എന്നിട്ട് അവൻ മനസിൽ വിചാരിച്ചു

"ഒരു പുണ്യം റെസ്റ്റോറന്റ്, പേരിട്ടുകൊണ്ട് പുണ്യമാവില്ല പ്രവർത്തിയും അതുപോലെ ചെയ്യണം, ഇയാളൊക്കെ നശിച്ചുപോകും, പാവം ആ ഭിക്ഷക്കാരൻ"

അയാളെ നോക്കി അവൻ ബൈക്ക് എടുത്തു കൂട്ടുകാരന്റെ വീട്ടിലേക്കു പോയി. വേഗം തന്നെ കൂട്ടുകാരന്റെ വീട്ടിൽ ചെന്നു. പാർസൽ വണ്ടിയിൽ തന്നെ വച്ചു എന്നിട്ട് ഇറങ്ങി വീട്ടിലേക്ക് കയറി ചെന്നു. അപ്പോൾ കൂട്ടുകാരൻ അമൽ വന്നു.

" കയറി വരൂ, വരുൺ"

"എന്താടാ സ്പെഷ്യൽ ഇന്ന് ഇവിടെ?"

"ടാ, ഇന്ന് എന്റെ അമ്മയുടെ ബെർത്ഡേ ആണ്".

"ആഹാ". എന്നിട്ട് എവിടെ ബെർത്ഡേകാരി? ഞാൻ ഒന്ന് കാണട്ടെ.
ടാ ഞാൻ ഗിഫ്റ്റ് ഒന്നും വാങ്ങിയിട്ടില്ല".

"കുഴപ്പമില്ലടാ, നീ ചെല്ലൂ "

അവൻ അമലിന്റെ അമ്മയുടെ അടുത്തേക്ക് ചെന്നു.

"അമ്മേ, ഹാപ്പി ബെർത്ത്ഡേ ടു യൂ"

"താങ്ക് യു വരുൺ. എടാ അനിത എവിടെ നിനക്കു അവളെ കൂടി കൊണ്ടുവരായിരുന്നില്ലേ?"

അമ്മക്ക് "സുഖമില്ല' എന്നു അവൻ കള്ളം പറഞ്ഞു. അമൽ വന്നു അവനെ വിളിച്ചു.

"എടാ ഇതാ പായസം, നീ കുടിക്കൂ". അവൻ അത് വാങ്ങി.

"ആം"

"വരൂ, അമ്മക്ക്, കിട്ടിയ ഗിഫ്റ്റ്കൾ കാണിക്കാം''

"ആ ശരി"
അമൽ ആ ഗിഫ്റ്റ്കൾ ഓരോന്നായി കാണിക്കുവാൻ തുടങ്ങി. വരുൺ എല്ലാം നോക്കി നിന്നു.

''എല്ലാവരും കൊടുത്ത ഗിഫ്റ്റ് കാണിച്ചു. നീ എന്തു ഗിഫ്റ്റ് ആണ് കൊടുത്തത്, അതു കാണിക്കൂ!"

"ഞാൻ എന്റെ ഗിഫ്റ്റ് കൊടുക്കാൻ പോകുന്നതെ ഉള്ളു"

അമൽ അവന്റെ അമ്മയുടെ അടുത്തേക്ക് ചെന്നു കൂടെ വരുണും. ഓടി ചെന്നു അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു.

"ഇതാണ് എന്റെ അമ്മയ്ക്ക് ഞാൻ കൊടുക്കുന്ന പിറന്നാൾ സമ്മാനം"

അമ്മയുടെയും അമലിന്റെയും കണ്ണുകൾ
നിറഞ്ഞു. നോക്കി നിന്ന വരുണിന്റെ കണ്ണുകളും കൂടെ അതിൽ ചേർന്നു. അവരുടെ ആ സ്നേഹത്തിനു മുമ്പിൽ പകരം വെയ്ക്കാൻ ഒന്നുമില്ലാത്തപോലെ. ഒരു നിമിഷം തന്റെ അമ്മയെ ഓർത്തുകൊണ്ട് വരുൺ ആ വീട്ടിൽ നിന്നും ഇറങ്ങി. അവൻ ബൈക്ക് എടുത്ത് അവന്റെ വീട്ടിലേക്ക് പോയി. അമൽ ഓടി വീടിന്റെ മുന്നിൽ എത്തി.

"ഹേയ്, വരുൺ"
അവൻ അത് ശ്രദ്ധിക്കാതെ പോയി.
ആ ഹോട്ടലിന്റെ അടുത്ത് എത്തി. ആ ഭിക്ഷക്കാരൻ അവിടെ ഉണ്ടായിരുന്നു. അവൻ അയാളെ നോക്കി. അവന്റെ കയ്യിലിരുന്ന ആ പാർസൽ അയാൾക്ക്
നേരെ നീട്ടി. അയാൾ അത് ആർത്തിയോടെ വാങ്ങി. വേഗം തുറന്നു ആ ചിക്കൻ ബിരിയാണി കഴിച്ചു. അതുകണ്ട് ആ ഇരു കണ്ണുകളിലും വീണ്ടും നിറഞ്ഞൊഴുകി. ആ ഹോട്ടലിലെ 'പുണ്യം' എന്ന് എഴുതിയ ആ വാക്കുകൾ മാത്രം അവൻ അവിടെ നോക്കിനിന്നു. വീണ്ടും തന്റെ വീട്ടിലേക്ക്
തിരിച്ചു. ആ ഭിക്ഷക്കാരനും അവൻ പോകുന്നത് നോക്കി നിന്നു. വീട്ടിൽ എത്തിയ അവൻ സങ്കടത്തോടെ വീട്ടിലേക്ക് കയറി ചെന്നു. അമ്മയെ നോക്കി പുറകിലെ മുറ്റത് വിറകുകൾ കൊത്തി ഇടുകയായിരുന്നു ആ പാവം. അവൻ ഓടി അമ്മയുടെ അടുത്ത് ചെന്ന് കെട്ടിപിടിച്ചു.

"അമ്മേ..."

"എന്താടാ കുട്ടു. എന്തുപറ്റി, എന്തിനാ കരയുന്നത്?

എങ്കിലും നിർത്താതെ അവന്റെ കണ്ണ്നീരും ഇറ്റിറ്റു വീണു.

"സോറി അമ്മേ, എന്നോട് ക്ഷമിക്കൂ. ഞാൻ അമ്മയെ വേദനിപ്പിച്ചതിനു"

"സാരമില്ല, മക്കൾ എന്തു തെറ്റുചെയ്താലും അതൊക്കെ പറഞ്ഞു നേർ വഴിക്ക് തടത്തേണ്ടത് അമ്മമാരുടെ കടമയാണ്,

"ആട്ടെ, നീ വല്ലതും കഴിച്ചോമോനെ?"

അമ്മമാരുടെ ഈ വാക്കുകളിൽ തീരും നമ്മൾ ചെയ്ത ഏതൊരു തെറ്റിന്റെയും പ്രായശ്ചിത്തം. ഭൂമിയിലെ ദൈവങ്ങളായ നമ്മുടെ അമ്മമാർ ഉണ്ടാക്കി തരുന്ന ഓരോരോ ഭക്ഷണതിനും അപ്പുറം മേൽ രുചിയുള്ളതായിട്ടു വരില്ല ഒരു ചിക്കൻ ബിരിയാണി പോലും. അപ്പോൾ രുചിയുള്ള സ്നേഹം തന്നെയല്ലേ അമ്മ!

A SREERAG STORY

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Hans

Pakkarante Thirodhanam

Oppu